Loading...

സവിശേഷമായ ഒരിനം നെല്‍ക്കൃഷി. കേരളത്തിന്‍റെ തനത് കൃഷിരീതിയാണിത്. നെല്ല് കൂനകളില്‍ (പൊക്കനില്‍) വളരുന്ന (ആളിയ)തിനാലാണ് ഈ കൃഷിരീതി പൊക്കാളിയെന്നു അറിയപ്പെടുന്നത്. കായലിനും കടലിനും സമീപം ലവണാംശം കൂടുതലുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് പൊക്കാളിക്കൃഷി ചെയ്യുന്നത്. ലവണ പ്രതിരോധശേഷിക്കൊപ്പം, വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കാനുള്ള ശേഷിയുമുള്ള നെല്ലിനങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് പൊക്കാളിനിലങ്ങള്‍ പ്രചാരത്തിലുള്ളത്. വേലിയേറ്റ സമയത്ത് കടല്‍ജലം, താഴ്ന്ന പ്രദേശത്തേക്ക് കയറുന്നതോടെയാണ് പൊക്കാളിപ്പാടങ്ങളിലെ മണ്ണ് ലവണസമ്പുഷ്ടമാകുന്നത്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നതോടെ ശുദ്ധജലം ലവണജലത്തെ കായലിലൂടെ തിരികെ കടലിലേക്ക് തള്ളി മാറ്റുന്നു. മണ്ണില്‍ ലവണാംശം കുറയുന്ന ഈ അവസരത്തിലാണ് (ജൂണ്‍-ഒക്ടോബര്‍) പൊക്കാളി കൃഷി ചെയ്യുന്നത്. നെല്‍ക്കൃഷിക്കുശേഷം (മണ്ണിന്‍റെ ലവണ സാന്ദ്രത കുറയുന്ന അവസരങ്ങളില്‍) പാടം ചെമ്മീന്‍ കെട്ടായി പ്രയോജനപ്പെടുത്തുന്നു.

പൊക്കാളിക്കൃഷി ഇന്ന് ഏറെക്കുറെ പാരമ്പര്യാധിഷ്ഠിതമാണ്. ഇടവപ്പാതിയില്‍ തുടങ്ങി തുലാവര്‍ഷത്തില്‍ അവസാനിക്കുന്ന ഒരുപൂകൃഷിയാണ് പൊക്കാളി. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ബണ്ടുകള്‍ ഉറപ്പിച്ചശേഷം വെള്ളം വാര്‍ത്തുകളഞ്ഞ് മണ്ണ് ഉണക്കുന്നു. തുടര്‍ന്ന് അര മീറ്റര്‍ ഉയരവും 0.75 മുതല്‍ ഒരു മീ. വരെ വ്യാസവുമുള്ള കൂനകള്‍ നിര്‍മിക്കുന്നു. ഇത്തരത്തില്‍ ഒരു ഹെക്ടറില്‍ ഏകദേശം 2500 കൂനകള്‍ വരെ നിര്‍മിക്കാം. ജൂണ്‍മാസത്തില്‍ ലഭിക്കുന്ന മഴവെള്ളം കൂനകളില്‍ നിന്നും ലവണാംശം കഴുകിക്കളയുന്നു. ഇതിനുശേഷം വീണ്ടും കൂനകളുടെ മുകള്‍ അറ്റംവരെ വരത്തക്കവണ്ണം ശുദ്ധജലം വയലില്‍ കയറ്റുന്നു. എന്നിട്ട് കൂനകളുടെ മുകള്‍വശം ചെറുതായിളക്കി, മുളപ്പിച്ച വിത്ത് വിതയ്ക്കുന്നു. ഒരു ഹെക്ടറിന് ഏകദേശം 140 കി.ഗ്രാം വിത്ത് വേണ്ടിവരും. എറണാകുളം ജില്ലയില്‍ 120-135 ദിവസം മൂപ്പുള്ള ചേറ്റുപൊക്കാളി, ചെറുവിരിപ്പ് തുടങ്ങിയ ഇനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ ബാലി, ഒര്‍പാണ്ടി തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ചേറ്റുവിരിപ്പ്, വൈറ്റില 1, വൈറ്റില 2 തുടങ്ങിയവയും ചില പൊക്കാളിനെല്ലിനങ്ങളാണ്. സാധാരണയായി 1.5 മീറ്ററോളം ഉയരത്തില്‍ പൊക്കാളി നെല്ലിനങ്ങള്‍ വളരാറുണ്ട്. വെള്ളക്കെട്ടിനെ പ്രതിരോധിക്കാന്‍ ചെടികളുടെ ഉയരക്കൂടുതല്‍ സഹായിക്കുന്നു. 


തെങ്ങോല മെടഞ്ഞുണ്ടാക്കിയ കൂടകളിലാണ് വിത്ത് കുതിര്‍ക്കുന്നത്. ഈ കൂടകള്‍ക്കുള്ളില്‍ പച്ച വാഴയിലയോ  തേക്കിന്‍റെ ഇലയോ വിരിച്ചതിനുശേഷം വിത്ത് നിറയ്ക്കുന്നു. ഈ കൂടകള്‍ ശുദ്ധജലത്തില്‍ 12 മണിക്കൂറോളം താഴ്ത്തിവയ്ക്കുന്നു. അതിനുശേഷം അവ തണലത്ത് വയ്ക്കും. മുള പൊട്ടിത്തുടങ്ങിയ ഈ വിത്തുകള്‍ 30 ദിവസംവരെ കേടുകൂടാതെ കൂടകളില്‍ സൂക്ഷിക്കാം. മണ്ണും കാലാവസ്ഥയും അനുകൂലമാകുമ്പോള്‍ വിത്ത് വിതയ്ക്കാം. വിതയ്ക്കുന്നതിനു മുന്‍പ് വീണ്ടും 6 മണിക്കൂര്‍ നേരം വിത്ത്കൂട വെള്ളത്തില്‍ കുതിര്‍ക്കുന്നു. കൂനകളില്‍ വിത്തു വിതച്ച ശേഷം കൂനകള്‍ മുങ്ങും വരെ വെള്ളം കയറ്റുന്നു. നാലു ദിവസം കഴിഞ്ഞ് വെള്ളം വാര്‍ത്തുകളയും. വീണ്ടും വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യും. ആദ്യത്തെ 30-40 ദിവസത്തിനകം പല പ്രാവശ്യം ഇത് ആവര്‍ത്തിക്കുന്നു. മണ്ണില്‍ നിന്നും കഴിയുന്നത്ര ലവണാംശം നീക്കം ചെയ്യാന്‍ ഇത് സഹായകമാകും. 

ഞാറുകള്‍ പറിച്ചു നടാന്‍ പ്രായമാകുമ്പോള്‍ (30-35 ദിവസങ്ങള്‍ക്കുശേഷം) നിലത്തില്‍നിന്ന് വെള്ളം നിശ്ശേഷം വാര്‍ത്തുകളയുന്നു. ഓരോന്നിലും കുറച്ചു ഞാറുകള്‍ വരത്തക്കരീതിയില്‍ കൂനകള്‍ ചെറിയ ചെറിയ കഷണങ്ങളായി വെട്ടിയെടുത്ത് നിലം നിരത്തുന്നു. തുടര്‍ന്ന് ഞാറ് പറിച്ചുനടുന്നു. തൈകള്‍ തമ്മില്‍ 15 സെ.മീ. അകലം ഉണ്ടായിരിക്കണം. തുടര്‍ന്ന് ജലപരിപാലനം ശ്രദ്ധിക്കണം. നെല്‍ച്ചെടി പൂക്കുമ്പോള്‍ വയലില്‍ 0.5 മീ. മുതല്‍ ഒരു മീ. വരെ വെള്ളം കയറ്റി ചെടി ചാഞ്ഞു വീഴാതെ നിര്‍ത്താം. 

 കൃത്രിമ വളങ്ങള്‍ ഒന്നും ചേര്‍ക്കാത്ത, തീര്‍ത്തും ജൈവകൃഷി രീതിയാണ് പൊക്കാളിയുടേത്. മണ്ണിന്‍റെ സ്വാഭാവിക ജൈവാംശവും നെല്‍ക്കൃഷിക്ക് തൊട്ടുമുന്‍പ് നടത്തുന്ന ചെമ്മീന്‍കൃഷിയിലൂടെ മണ്ണില്‍ അടിഞ്ഞു ചേരുന്ന മീന്‍ അവശിഷ്ടങ്ങളും മണ്ണിന്‍റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നു. നട്ട് നാല് മാസം കഴിയുമ്പോള്‍ വിളവെടുക്കാം. ശ.ശ. വിളവ് ഹെക്ടറിന് 1000 മുതല്‍ 1200 കിലോഗ്രാംവരെ ലഭിക്കും. വിളവെടുക്കുമ്പോള്‍ കതിരുമാത്രമേ മുറിച്ചെടുക്കുകയുള്ളൂ. അതിനുശേഷം വയ്ക്കോല്‍ മുഴുവനും വെള്ളത്തിനടിയിലാകത്തക്കവിധം 2-3 മാസത്തേക്ക് വയലില്‍ വെള്ളം കയറ്റി നിര്‍ത്തുന്നു. പിന്നീട് ഇവിടെ ചെമ്മീന്‍കൃഷി ചെയ്യുന്നു. നവംബറോട് കൂടി, നെല്ലിന്‍റെ വിളവെടുപ്പിനുശേഷമാണ് ചെമ്മീന്‍, തിലാപ്പിയ തുടങ്ങിയവ കൃഷി ചെയ്യുന്നത്. വേലിയേറ്റ സമയത്ത് കടല്‍വെള്ളത്തോടൊപ്പം ചെമ്മീന്‍ മത്സ്യക്കുഞ്ഞുങ്ങളെ പൊക്കാളിപ്പാടത്തേക്ക് കയറ്റിവിടുകയാണ് പതിവ്. ചെമ്മീന്‍കെട്ടിലേക്ക് വെള്ളം കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക സംവിധാനം തൂമ്പ് (sluice gate) എന്ന പേരില്‍ അറിയപ്പെടുന്നു. കതിരു മുറിച്ചുമാറ്റിയ നെല്‍ച്ചെടികളാണ്, ചെമ്മീനുകള്‍ക്കുള്ള ഭക്ഷണം. കര്‍ഷകന് അധികവരുമാനം നേടിക്കൊടുക്കാന്‍ ചെമ്മീന്‍കൃഷി സഹായിക്കുന്നു. വെള്ളക്കൊഞ്ച് (Penaeus indicus), കാര (P. monodon) എന്നീയിനങ്ങളാണ് പ്രധാനമായും വളര്‍ത്തുന്നത്. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ വിളവെടുപ്പ് നടത്തുന്നു. ഹെക്ടറിന് 300-1000 കി.ഗ്രാം വരെ ചെമ്മീന്‍ ലഭിക്കും. തുടര്‍ന്ന് ചെമ്മീന്‍ കെട്ട്, പൊക്കാളി നിലമാക്കി മാറ്റി നെല്‍ക്കൃഷിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. ഇങ്ങനെ മീനും നെല്ലും എന്ന പാരമ്പര്യരീതി പൊക്കാളിപ്പാടങ്ങളില്‍ ചാക്രികമായി അനുവര്‍ത്തിച്ചു പോരുന്നു. പൊക്കാളിയുടെ ഭൂമിശാസ്ത്രപരമായ തനത് സവിശേഷതകളെ മുന്‍നിര്‍ത്തി ഇതിന് ഭൗമശാസ്ത്ര സൂചികാപദവി (GI tag) ലഭിച്ചിട്ടുണ്ട് (2007).



  • A

    ഈ ഇനം നെല്ലുപയോഗിച്ച് ചെയ്യുന്ന കൃഷി രീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്