Loading...

ആര്‍ത്രോപോഡ ഫൈലത്തിലെ ഇന്‍സെക്ട വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ജീവി. വീടുകളിലും ഇരുട്ടുനിറഞ്ഞ ഇടങ്ങളിലും അലമാരകളിലും എല്ലാം സര്‍വസാധാരണമായി കണ്ടുവരുന്ന പാറ്റകള്‍, ബ്ലാറ്റോഡിയ ഗോത്രത്തിലെ അംഗങ്ങളാണ്. ആറു കുടുംബങ്ങളിലായി ഏകദേശം 4000-ത്തോളം ഇനത്തില്‍പ്പെട്ട പാറ്റവര്‍ഗങ്ങളുണ്ട്. ഇവയില്‍ 30 എണ്ണം മാത്രമാണ് മനുഷ്യവാസസ്ഥലങ്ങളില്‍ കാണപ്പെടുന്നത്. ഇവയില്‍ത്തന്നെ വളരെ സാധാരണയായി കണ്ടുവരുന്ന നാല് ഇനങ്ങളാണ്; അമേരിക്കന്‍ പാറ്റ (Periplaneta americana), ജര്‍മന്‍ പാറ്റ (Blattella germanica), ഏഷ്യന്‍ പാറ്റ (Blattella asahinai), ഓറിയന്‍റല്‍ പാറ്റ (Blattella orientalis) എന്നിവ. മിക്കയിനം പാറ്റകളും കൂട്ടമായാണ് കാണപ്പെടുന്നത്. ഇനവ്യത്യാസമനുസരിച്ചും, താപനില അനുസരിച്ചും പാറ്റകള്‍, വിവിധങ്ങളായ ആവാസവ്യവസ്ഥയിലാണ് അധിവസിക്കുന്നത്. പൊതുവേ ഇരുട്ട് ഇഷ്ടപ്പെടുന്ന ഇവയില്‍ ചിലയിനങ്ങളെ മരുഭൂമിയിലും കാണാം. ദിവസങ്ങളോളം ജലമില്ലാതെ ജീവിക്കാനുള്ള അനുകൂലനങ്ങള്‍ ഈ ഇനം പാറ്റകള്‍ ആര്‍ജിച്ചിട്ടുണ്ട്. എന്നാല്‍, പൂര്‍ണമായും ജലത്തില്‍ അധിവസിക്കുന്ന പാറ്റകളുമുണ്ട്. മിശ്രഭോജികളാണ് പാറ്റകള്‍. സസ്യ-ജന്തുജന്യ ഭക്ഷണത്തോടൊപ്പം തുകല്‍, തുണി, പേപ്പര്‍ തുടങ്ങിയവയും പാറ്റകള്‍ ഭക്ഷണമാക്കാറുണ്ട്. ഷഡ്പദങ്ങളുടെയും മറ്റും മൃതാവശിഷ്ടങ്ങള്‍ ഭക്ഷിക്കുമെങ്കിലും, തുണിത്തരങ്ങളും മറ്റും കരണ്ട് നശിപ്പിക്കുന്നതിനാല്‍ പാറ്റകള്‍ പൊതുവേ 'ആവശ്യമില്ലാത്ത തോട്ടികള്‍' (unwanted scavengers) എന്ന പേരില്‍ അറിയപ്പെടാറുണ്ട്.

പൊതുവേ നീണ്ടതും ഖണ്ഡിതവുമായ ശരീരഘടനയാണ് പാറ്റയുടേത്. ഇരുണ്ട ചുവപ്പ് അഥവാ തവിട്ട് നിറങ്ങളിലുള്ള പാറ്റയുടെ ശരീരത്തെ തല, വക്ഷസ്, ഉദരം എന്നീ മൂന്ന് ഭാഗങ്ങളായി തിരിക്കാം. 13 ഓളം ഖണ്ഡങ്ങള്‍ ചേര്‍ന്ന ശരീരം കൈറ്റിന്‍ നിര്‍മിത ബാഹ്യകവചത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ഖണ്ഡങ്ങള്‍ക്കനുസരിച്ച് ബാഹ്യകവചം, പല പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ശരീരത്തിന്‍റെ അടിവശത്തുള്ള പാളി സ്റ്റെര്‍ണം എന്നും മുകളിലേത് ടെര്‍ഗം എന്നും അറിയപ്പെടുന്നു. ഈ രണ്ട് പാളികളും ശരീരത്തിന്‍റെ പാര്‍ശ്വഭാഗത്ത് മൃദുവായ ചര്‍മംകൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

പാറ്റയുടെ ശരീരത്തിന് ലംബമായി സ്ഥിതിചെയ്യുന്ന തല നിരവധി പാളികളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. തലയുടെ ഉപരിഭാഗത്ത് എപ്പിക്രേനിയല്‍, മുന്‍വശത്ത് കൈപ്ലിയസ്, പാര്‍ശ്വങ്ങളില്‍ ഗീന എന്നീ പാളികള്‍ കാണപ്പെടുന്നു. തലയുടെ ഇരുഭാഗത്തുമായി രണ്ട് സംയുക്തനേത്രങ്ങളും നിരവധി ഖണ്ഡങ്ങളോടുകൂടിയ ഓരോ മെലിഞ്ഞ സ്പര്‍ശികളും കാണാം. നേത്രങ്ങളിലെ ഒമ്മാറ്റിഡിയകള്‍, രാത്രിയില്‍ വ്യക്തമായി കാണാന്‍ പാറ്റകളെ സഹായിക്കുന്നു. വായയ്ക്കുചുറ്റിലുമായി ലേബ്രം, മാന്‍ഡിബിള്‍, മാക്സില്ല, ലേബിയം തുടങ്ങി നിരവധി ഉപാംഗങ്ങളുമുണ്ട്. സസ്യ-ജന്തുശകലങ്ങളെ ആഹാരമാക്കുന്നതിന് ഈ ഉപാംഗങ്ങള്‍ പാറ്റയെ സഹായിക്കുന്നു. വക്ഷസ്സില്‍ മൂന്ന് ഖണ്ഡങ്ങളാണുള്ളത്; പൂര്‍വവക്ഷസ്, മധ്യവക്ഷസ്, ഉത്തരവക്ഷസ്. മധ്യ വക്ഷസ്സിന്‍റെയും പൂര്‍വവക്ഷസ്സിന്‍റെയും പാര്‍ശ്വങ്ങളില്‍നിന്ന് ഓരോ ജോടി ചിറകുകള്‍ പുറപ്പെടുന്നുണ്ട്. അണ്ഡാകൃതിയുള്ള ആദ്യത്തെ ജോടി ചിറകുകള്‍ക്ക് ബലം കൂടുതലാണ്. പിന്‍ചിറകുകളെ സംരക്ഷിക്കാനുപയോഗിക്കുന്ന ഈ ചിറകുകള്‍ പറക്കാന്‍ ഉപയോഗിക്കാറില്ല. നേര്‍ത്ത പിന്‍ചിറകുകളില്‍ നിറയെ വരകള്‍ കാണപ്പെടുന്നു. പറക്കാന്‍ ഉപയോഗിക്കുന്ന ഈ ചിറകുകള്‍ ഉപയോഗമില്ലാത്തപ്പോള്‍ വിശറിപോലെ മടക്കിവയ്ക്കുന്നു. വക്ഷസ്സിലെ ഓരോ ഖണ്ഡത്തിന്‍റെയും അടിവശത്ത് ഓരോ ജോടി കാലുകള്‍ ഉണ്ട്. പൂര്‍വവക്ഷസ്സിലുള്ള കാലുകള്‍ (Prothoracic legs) നീളംകുറഞ്ഞവയാണ്. മധ്യവക്ഷസ്സിലെ കാലുകള്‍ (Mesothoracic legs) പാറ്റയുടെ സഞ്ചാരവേഗത നിയന്ത്രിക്കുന്നവയാണ്. ഏറ്റവും നീളമേറിയ കാലുകള്‍ ഉത്തരവക്ഷസ്സിലാണ്. ഓരോ കാലിലും ഒന്‍പത് ഖണ്ഡങ്ങള്‍ വീതമാണുള്ളത്. രോമാവൃതമായ കാലിന്‍റെ അഗ്രഖണ്ഡത്തിലെ ഒരു ജോടി ചെറിയ വളഞ്ഞ മുള്ളുകള്‍ പോലെയുള്ള ഭാഗം, ചുമരിലും മറ്റും കയറുമ്പോള്‍ പിടുത്തംകിട്ടാന്‍ ഉപകരിക്കുന്നു.
പാറ്റയുടെ 10 ഉദരഖണ്ഡങ്ങളില്‍ ഏഴെണ്ണമേ വ്യക്തമായി കാണാന്‍ സാധിക്കുകയുള്ളൂ. അവസാനത്തെ മൂന്നെണ്ണവും ഏഴാമത്തെ ഖണ്ഡത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആണ്‍പാറ്റയുടെ ഒന്‍പതാമത്തെ ഉദരഖണ്ഡത്തിന്‍റെ അടിയിലും പെണ്‍പാറ്റയുടെ ഏഴാമത്തെ ഉദരഖണ്ഡത്തിന്‍റെ അടിയിലുമായാണ് പ്രത്യുത്പാദനാവയവം സ്ഥിതിചെയ്യുന്നത്. ഏറ്റവും അവസാനത്തെ ഖണ്ഡത്തിന്‍റെ അടിഭാഗത്തായി ഗുദദ്വാരം സ്ഥിതിചെയ്യുന്നു. പാറ്റയുടെ വിസര്‍ജനേന്ദ്രിയങ്ങള്‍ മാല്‍പീജിയന്‍ നാളികകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

പാറ്റയുടെ ശരീരത്തില്‍ ബാഹ്യാവരണത്തിനുള്ളിലെ ഹീമോസീല്‍ എന്നുപേരുള്ള കോടരത്തിലാണ് ആന്തരാവയവങ്ങള്‍ സ്ഥിതിചെയ്യുന്നത്. ദഹനേന്ദ്രിയവ്യൂഹത്തെ പൂര്‍വപഥം, മധ്യപഥം, ഉത്തരപഥം എന്നീ മൂന്ന് ഭാഗങ്ങളായി തിരിക്കാം. ഗ്രസിക, അന്നനാളം, ക്രോപ്, ഗിസാര്‍ഡ് എന്നീ ഭാഗങ്ങള്‍ ചേര്‍ന്നതാണ് പൂര്‍വപഥം (foregut). ഭക്ഷണപദാര്‍ഥങ്ങള്‍ മുറിക്കുന്നതിന് പേശീനിര്‍മിതമായ ഗിസാര്‍ഡിനുള്ളിലെ പല്ലുകള്‍ സഹായിക്കുന്നു. മധ്യപഥത്തില്‍ ദഹനഗ്രന്ഥികളും ഉത്തരപഥത്തില്‍ കുടല്‍, മലാശയം എന്നിവയും കാണപ്പെടുന്നു. തുറന്ന രക്തപര്യയനവ്യവസ്ഥ(open circulatory system)യാണ് പാറ്റയുടേത്. വര്‍ണകണമില്ലാത്തിനാല്‍ പാറ്റയുടെ രക്തത്തിന് (haemolymph) നിറമില്ല. രക്തക്കുഴലുകള്‍ക്കുപകരം പ്രത്യേക ചാലുകളിലൂടെ (sinus) ശരീരകോശത്തിനുള്ളില്‍ മുഴുവനും രക്തം സഞ്ചരിക്കുന്നു. ഇത്തരം നിരവധി സൈനസുകളും പുറമേ, ഹൃദയം, പശ്ചധമനി എന്നിവയും ചേര്‍ന്നതാണ് രക്തപര്യയനവ്യൂഹം. നീണ്ട കുഴല്‍രൂപത്തിലുള്ള ഹൃദയത്തിന് 13 അറകള്‍ ഉണ്ട്. ഓരോ അറയും തൊട്ടടുത്ത അറയിലേക്ക് തുറക്കുന്നു. സങ്കോച-വികാസശക്തിയുള്ള ഹൃദയമാണ് പാറ്റയുടേത്. ഡോര്‍സല്‍ ഡയഫ്രം, വെന്‍ട്രല്‍ ഡയഫ്രം എന്നീ രണ്ട് സ്തരചര്‍മങ്ങളാല്‍ പാറ്റയുടെ ശരീരകോടരം പെരികാര്‍ഡിയല്‍ സൈനസ്, പെരിവിസറല്‍ സൈനസ്, പെരിന്യൂറല്‍ സൈനസ് എന്നീ മൂന്ന് ഭാഗങ്ങളായി വിഭജിതമായിരിക്കുന്നു. ഈ മൂന്ന് ഭാഗങ്ങളും തമ്മില്‍ സ്തരചര്‍മത്തിലെ സുഷിരങ്ങളിലൂടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പെരികാര്‍ഡിയല്‍ സൈനസില്‍ ഹൃദയവും, മധ്യഭാഗമായ പെരിവിസറല്‍ സൈനസില്‍ അന്നപഥവും, പെരിന്യൂറല്‍ സൈനസില്‍ നാഡീവ്യൂഹവുമാണുള്ളത്. രക്തം പെരികാര്‍ഡിയല്‍ സൈനസില്‍നിന്നും ഹൃദയത്തിലേക്കും ഹൃദയത്തില്‍നിന്നും ധമനിയിലേക്കും കടക്കുന്നു. ധമനിയില്‍നിന്നും വിവിധ സൈനസുകളിലൂടെ രക്തം, എല്ലാ ആന്തരികാവയവങ്ങളിലുമെത്തുന്നു. ഭക്ഷണത്തിലെ പോഷകങ്ങളെ ആന്തരാവയവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കലാണ് രക്തത്തിന്‍റെ പ്രധാന ധര്‍മം. ഇവിടെനിന്നും നൈട്രോജനിക മാലിന്യങ്ങളെ ശേഖരിച്ച് വിസര്‍ജനനാളികള്‍ക്ക് കൈമാറുന്നതോടൊപ്പം വിവിധ സൈനസുകളിലൂടെ രക്തം തിരികെ ഹൃദയത്തിലെത്തുകയും ചെയ്യുന്നു.

കശേരുകികളില്‍നിന്നും വിഭിന്നമായി പാറ്റകളില്‍ ശ്വാസകോശം കാണപ്പെടുന്നില്ല. പാറ്റയുടെ ശ്വസനനാളികള്‍ ട്രക്കിയകള്‍ എന്നറിയപ്പെടുന്നു. ശരീരത്തിനുള്ളില്‍ ട്രക്കിയ നിരവധി ശാഖകളായി (tracheoles) വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ട്രക്കിയയും ശരീരത്തിനു വെളിയിലേക്ക് സ്പൈറക്കിള്‍ എന്ന ചെറുസുഷിരങ്ങളിലൂടെ തുറന്നിരിക്കുന്നു. വായു ഈ ചെറുനളികകള്‍വഴി നേരിട്ട് ശരീരകലകളിലെത്തുന്നു. ശ്വസനപ്രക്രിയയില്‍ രക്തത്തിന് യാതൊരുവിധ പങ്കും ഇല്ല. വിസര്‍ജനനാളികകളായ മാല്‍പീജിയന്‍ കുഴലുകള്‍, ശരീരത്തിനുള്ളില്‍ രക്തത്താല്‍ ആവരണം ചെയ്ത് കാണപ്പെടുന്നു. ഓരോ നാളികയും സീലിയകള്‍ നിറഞ്ഞ കോശങ്ങളാല്‍ ആവൃതമാണ്. ഇവ വിസര്‍ജ്യവസ്തുക്കളെ രക്തത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്നു. നൈട്രോജനിക മാലിന്യങ്ങളെ യൂറിക് അമ്ലരൂപത്തിലാക്കി മാറ്റിയാണ് പുറന്തള്ളുന്നത്. ഒരു പാറ്റയില്‍ ഏകദേശം 80-ഓളം മാല്‍പീജിയന്‍ കുഴലുകളുണ്ടാകും.

സാധാരണയായി പാറ്റകളില്‍ ബാഹ്യബീജസംയോഗമാണ് നടക്കുന്നത്. ഫിറമോണുകള്‍ സ്രവിപ്പിച്ച് പെണ്‍പാറ്റ, ആണ്‍പാറ്റകളെ ആകര്‍ഷിക്കുന്നു. ഒരുമിച്ചുചേര്‍ന്ന നിലയിലുള്ള പുംബീജങ്ങള്‍ സ്പെര്‍മാറ്റോഫോര്‍ എന്ന ആവരണത്തിനുള്ളിലായി കാണപ്പെടുന്നു. ബീജസംയോഗസമയത്ത് ബീജങ്ങള്‍, ഈ ആവരണത്തില്‍നിന്നും വേര്‍പെട്ട്, പെണ്‍പാറ്റയുടെ ജനനേന്ദ്രിയത്തില്‍ നിക്ഷേപിക്കപ്പെടുന്നു. ബീജസംയോഗഫലമായുണ്ടാകുന്ന മുട്ടകള്‍, അണ്ഡപേടകം (ootheca) എന്ന അറയ്ക്കുള്ളില്‍ നിക്ഷേപിക്കപ്പെടുന്നു. പെണ്‍പാറ്റയുടെ കൊളറ്റീരിയല്‍ ഗ്രന്ഥികളില്‍നിന്നുണ്ടാകുന്ന ഒരുതരം ദ്രാവകത്തിനാലാണ് ഈ അണ്ഡപേടകം നിര്‍മിതമായിരിക്കുന്നത്. രണ്ട് വരികളിലായി എട്ടെണ്ണംവീതം 16 മുട്ടകളാണ് അണ്ഡപേടകത്തിനുള്ളില്‍ കാണപ്പെടുന്നത്. ഈ അണ്ഡപേടകം, ഏഴാം ഉദരഖണ്ഡത്തിലുള്ള അണ്ഡസഞ്ചിയില്‍ പേറിസഞ്ചരിക്കുന്ന പെണ്‍പാറ്റ ഏതാനും ദിവസങ്ങള്‍ക്കുശേഷം സൗകര്യമുള്ള സ്ഥലം കണ്ടെത്തി അവിടെ നിക്ഷേപിക്കുന്നു.

മുട്ടവിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്ന പാറ്റയോട് രൂപസാദൃശ്യമുണ്ടെങ്കിലും ചിറകുകള്‍ ഉണ്ടായിരിക്കുകയില്ല. ഇവ നിംഫ് എന്ന പേരില്‍ അറിയപ്പെടുന്നു. പൂര്‍ണ വളര്‍ച്ചയെത്തുന്നതുവരെ ഏകദേശം ഏഴ് പ്രാവശ്യം നിംഫ് അതിന്‍റെ ചര്‍മം പൊഴിച്ചുകളയാറുണ്ട്. പൂര്‍ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ ചിറകുകളും പ്രത്യുത്പാദന അവയവങ്ങളും പൂര്‍ണമായും രൂപപ്പെടുന്നു.