പസിഫിക്-അത്ലാന്തിക്
സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൃത്രിമത്തോട്. അത്ലാന്തിക്
തീരത്തെ കൊളോണില്‍ (Colon) നിന്നാരംഭിച്ച് പസിഫിക് തീരത്തെ പനാമ സിറ്റിവരെ
നീണ്ടു കിടക്കുന്ന പനാമ കനാല്‍ പനാമ കരയിടുക്കിന് കുറുകെയാണ്
നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര നാവിക ഗതാഗതത്തില്‍
നിര്‍ണായകമായ സ്ഥാനം ഈ കനാലിനുണ്ട്. പസിഫിക്-അത്ലാന്തിക് സമുദ്രങ്ങളെ
തമ്മില്‍ ബന്ധിപ്പിക്കുന്ന നാവികയാത്ര തെക്കേ അമേരിക്കയുടെ
തെക്കേയറ്റത്തുള്ള കേപ്ഹോണ്‍ മുനമ്പിനെ ചുറ്റിയോ ഏറ്റവും ദുഷ്കരമായ
മഗല്ലന് കടലിടുക്ക് വഴിയോ ആണ് മുമ്പ് സാധ്യമായിരുന്നത്. പനാമ കനാലിന്റെ
നിര്‍മാണത്തോടെ ഈ കപ്പല്‍യാത്രയുടെ ദൈര്‍ഘ്യം സു. 11,200 കിലോമീറ്ററോളം
കുറയ്ക്കാനായി.
പനാമ കനാലിന്റെ നീളം 82.4 കിലോമീറ്ററാണ്; ഏറ്റവും
കുറഞ്ഞ ആഴം 11.8 മീ. ഉം ഏറ്റവും കുറഞ്ഞ വീതി 152 മീ.-ഉം. 26.5 മീറ്ററാണ്
കനാലിന്റെ പരമാവധി ഉയരം. 1914 ആഗ. 15-നാണ് ലോകരാജ്യങ്ങള്‍ക്കായി കനാല്‍
തുറന്നു കൊടുത്തത്. 1881-ല്‍ ആരംഭിച്ച കനാല്‍ നിര്‍മാണം ഇടയ്ക്ക് പല തവണ
മുടങ്ങിപ്പോയിരുന്നു. കരയിടുക്കിന്റെ സവിശേഷമായ ഭൂപ്രകൃതി കാരണം
സമുദ്രനിരപ്പില്തന്നെ കനാല്‍ നിര്‍മിക്കുക എന്നത്
അതിദുഷ്കരമായിത്തീര്ന്നതായിരുന്നു കാരണം. കനാലിലെ ജലനിരപ്പ് ഘട്ടം
ഘട്ടമായി ഉയര്ത്തുന്നവിധത്തില് ലോക്കുകള്‍ നിര്‍മിച്ച് ജലവിതാനം
ക്രമീകരിച്ചാണ് ഇതിലൂടെ ഗതാഗതം ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്.
പനാമ
കരയിടുക്കിലൂടെ വടക്കു പടിഞ്ഞാറ്-തെക്കു കിഴക്ക് ദിശയിലാണ് പനാമ കനാല്‍
നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അത്ലാന്തിക് ശാഖയായ ലിമോണ്‍ ഉള്‍ക്കടലിലെ
(Limon) തരംഗരോധിയില് നിന്നാരംഭിക്കുന്ന കനാല്‍ ഭൂപ്രകൃതിക്കനുസൃതമായി
വളഞ്ഞു പുളഞ്ഞു പോകുന്നു. ഷാഗ്രെസ് (Chagres) നദിയെയും കനാല്‍ പരമാവധി
പ്രയോജനപ്പെടുത്തുന്നുണ്ട്. പനാമ കനാലില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള
ലോക്കുകള്‍ക്കും കപ്പല്‍ച്ചാലുകള്‍ക്കും ജലമെത്തിക്കുന്നത് ഗാട്ടണ്
(Gatun), മിറാഫ്ളോര്സ് (Miraflores), മാഡെന്‍ (Madden) എന്നീ മൂന്ന്
കൃത്രിമ തടാകങ്ങളില്നിന്നാണ്. അത്ലാന്തിക് സമുദ്രത്തിനു സമീപത്തുള്ള
ഗാട്ടണും, പസിഫിക്കിനു സമീപത്തുള്ള മിറാഫ്ളോര്സും കനാല്‍
നിര്‍മാണത്തോടൊപ്പം തന്നെ പൂര്‍ത്തിയാക്കിയവയാണ്. കനാലിന്റെ ഏതാണ്ട്
മധ്യഭാഗത്തായി വരുന്ന മാഡെന്‍ 1935-ലാണ് നിര്‍മിക്കപ്പെട്ടത്. ഷാഗ്രെസ്
നദിക്കു കുറുകെയായി പണികഴിപ്പിക്കപ്പെട്ടിട്ടുള്ള ഗാട്ടണ് ജലാശയത്തിന് 429
ച.കി.മീ. വിസ്തീര്‍ണമുണ്ട്. അഞ്ചുവര്‍ഷം കൊണ്ടാണ് ഈ തടാകത്തിന്റെ
നിര്‍മാണം പൂര്‍ത്തിയായത്. തടാകമധ്യത്തിലുള്ള ബാറോ കൊളറാഡോ (Barro
Colorado) ദ്വീപില്‍ ഒരു വന്യമൃഗസംരക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നു.
മൂന്നു
ലോക്കുകളാണ് പനാമ കനാലിലുള്ളത്. കനാലിലെത്തുന്ന കപ്പലുകളെ
അത്ലാന്തിക്-പസിഫിക് സമുദ്രങ്ങളുടെ ജലനിരപ്പിനനുസൃതമായി ഉയര്‍ത്തിയും
താഴ്ത്തിയും ഗതാഗതം സുഗമമാക്കുകയാണ് ഈ ലോക്കുകള്‍ ചെയ്യുന്നത്. ഗാട്ടണിലും
മിറാഫ്ളോര്സിലും ഇരട്ട ലോക്കുകളും, പെട്രോമിഗ്വെലില് (Petro Meguel)
ഒറ്റലോക്കും പ്രവര്‍ത്തിക്കുന്നു. എല്ലാ ലോക്കുകളും കോണ്‍ക്രീറ്റ്
നിര്‍മിതമാണ്. ഷട്ടറുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്ത് ജലനിരപ്പ്
ക്രമീകരിക്കുന്ന വിധത്തിലാണ് ലോക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്.
24
മണിക്കൂറും പ്രവര്‍ത്തിക്കുന്ന പനാമ കനാലിലൂടെ ദിനംപ്രതി നിരവധി
കപ്പലുകളാണ് ഇരു ഭാഗത്തേക്കും യാത്രചെയ്യുന്നത്. വിമാനവാഹിനിക്കപ്പലുകള്‍,
എണ്ണ ടാങ്കറുകള്‍ തുടങ്ങിയ പടുകൂറ്റന്‍ കപ്പലുകളൊഴികെ മറ്റെല്ലാത്തരം
കപ്പലുകള്‍ക്കും പനാമ കനാലിലൂടെ സഞ്ചരിക്കാനാകും. വലിയ ലോക്കുകള്‍
നിര്‍മിച്ച് കപ്പല്ച്ചാല് വിപുലീകരിക്കാനുള്ള പദ്ധതികള്‍
നടപ്പിലായിവരുന്നു (2015).
1513-ല്‍ സ്പാനിഷ് പര്യവേക്ഷകനായ വാസ്കോ
നൂനെസ് ദെ ബാല്‍ബോവ (Vasco Nunez de Balboa, 1475-1519) ഈ കരയിടുക്ക്
കുറുകെ മുറിച്ചു സഞ്ചരിച്ചതോടെയാണ് അത്ലാന്തിക്-പസിഫിക് സമുദ്രങ്ങളെ
തമ്മില്‍ വേര്‍തിരിക്കുന്ന കരഭാഗത്തിന് വീതി വളരെ കുറവാണെന്നു
കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് 16, 17 ശതകങ്ങളില്‍ സ്പാനിഷ്
നേതൃത്വത്തില്‍ നിരവധി സര്‍വേക്ഷണങ്ങള്‍ ഇവിടെ നടന്നു. 1881
ഫെബ്രുവരിയിലാണ് കനാലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യമായി
തുടക്കം കുറിച്ചത്. ഫെര്‍ഡിനന്റ് ദ ലെസെപ്സ് (Ferdinand de Lesseps) എന്ന
ഫ്രഞ്ചുകാരനായിരുന്നു ഇതിന് നേതൃത്വം കൊടുത്തത്. സൂയസ് കനാലിന്റെ
നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. കടല്‍നിരപ്പിലുള്ള
കപ്പല്ച്ചാല് നിര്‍മിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍
ദുര്‍ഘടമായ ഭൂപ്രകൃതിയും, മലേറിയ, മഞ്ഞപ്പനി (yellow fever) പോലുള്ള
മാരകരോഗങ്ങളും ഈ പദ്ധതിക്ക് വിരാമമിടുവാന്‍ കാരണമാക്കി. 1894-ല്‍ വീണ്ടും
മറ്റൊരു ഫ്രഞ്ചു കമ്പനി ശ്രമങ്ങളാരംഭിച്ചെങ്കിലും അതും പരാജയപ്പെട്ടു.
സ്പാനിഷ്-അമേരിക്കന്‍ യുദ്ധകാലത്ത് പസിഫിക് സമുദ്രത്തില്‍ നിന്നും
അത്ലാന്തിക് സമുദ്രത്തിലേക്കു യുദ്ധക്കപ്പലുകള്‍ സഞ്ചരിച്ചപ്പോഴുണ്ടായ
ബുദ്ധിമുട്ടുകള്‍ ആണ് യു.എസ്സിനെ കനാല്‍ നിര്‍മാണമേഖലയിലേക്ക് എത്തിച്ചത്.
തുടര്‍ന്ന് പ്രസിഡന്റ് മകിന്‍ലി (Mckinley) വിവിധ
കനാല്റൂട്ടുകളെക്കുറിച്ച് പഠിക്കാന്‍ വാക്കര്‍ കമ്മിഷന് (Walker
Commission) എന്നൊരു സമിതിയെ നിയോഗിച്ചു. നിക്കരാഗ്വ വഴിയുള്ള കനാല്‍
നിര്‍മാണത്തിനാണ് വാക്കര്‍ കമ്മിഷന് ശിപാര്‍ശ ചെയ്തതെങ്കിലും തിയഡോര്‍
റൂസ്വെല്‍റ്റിന്റെ ഭരണകാലത്ത് ഇത് പനാമ കരയിടുക്കിലൂടെയാക്കി. 1902 ജൂണ്‍
28-ന് കോണ്‍ഗ്രസ് പാസ്സാക്കിയ സ്പൂണര്‍ ആക്റ്റ് (Spooner Act) പ്രകാരം പനാമ
കരയിടുക്കിലുള്ള ഫ്രഞ്ച് മേഖലകള്‍ യു.എസ്സിനു സ്വന്തമാക്കാന്‍ അന്ന് പനാമ
പ്രദേശം ഉള്‍പ്പെട്ട കൊളംബിയയുടെ അനുവാദം വേണ്ടിയിരുന്നു. എന്നാല്‍ ഈ
നീക്കത്തെ കൊളംബിയ നിരാകരിച്ചത് 1903-ല്‍ പനാമയില്‍ കലാപം
പൊട്ടിപ്പുറപ്പെടാന്‍ കാരണമാക്കി. കൊളംബിയയില്‍ നിന്നുള്ള
സ്വാതന്ത്ര്യമായിരുന്നു കലാപകാരികളുടെ മുഖ്യ ആവശ്യം. യു.എസ്സിന്റെ
പിന്തുണയും ഇതിന് ലഭിച്ചതോടെ 1903-ല്‍ പനാമ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി.
തുടര്‍ന്ന് 1904 ഫെ. 23-ന് രൂപംകൊണ്ട ഹേ-ബൂനോ-വാറില്ല (Hay-Bunau-Varilla)
ഉടമ്പടി പ്രകാരം കനാല്‍ മേഖല (canal zone) യു.എസ്സിനു ലഭിക്കുകയും
1904-ല്‍ ഫ്രഞ്ചുകാര്‍ തുടങ്ങിവച്ച കനാലിന്റെ ദിശയില്‍ കനാല്‍ നിര്‍മാണം
ആരംഭിക്കുകയും ചെയ്തു. 16 കി.മീ. വീതിയും 80 കി.മീ. നീളവും ഉള്ള കനാല്‍
മേഖലയുടെ മേല്‍ യു.എസ്സിന് ഫലത്തില്‍ പരമാധികാരമാണ് ഈ ഉടമ്പടിമൂലം
ലഭിച്ചത്. ഇതിനുപകരമായി പനാമയ്ക്ക് 10 ദശലക്ഷം ഡോളര്‍ നല്കുവാനും കൂടാതെ
1913 മുതല്‍ വര്‍ഷന്തോറും 2,50,000 ഡോളര്‍ നല്കുവാനും
വ്യവസ്ഥയുണ്ടാക്കിയിരുന്നു.
യു.എസ്സിന്റെ നേതൃത്വത്തില്‍
പുനരാരംഭിച്ച കനാല്‍ നിര്‍മാണം ആദ്യഘട്ടത്തില്‍ സമുദ്രനിരപ്പിലുള്ള
കനാലിന്റെ നിര്‍മാണത്തിനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഫ്രഞ്ചു കമ്പനി
നേരിട്ട അതേ പ്രശ്നങ്ങള്‍ ഇവര്‍ക്കും നേരിടേണ്ടിവന്നു. കടുപ്പമേറിയ
ശിലാസ്തരങ്ങള്‍ മുറിച്ചുള്ള കനാല്‍ നിര്‍മാണമായിരുന്നു ഏറെ ദുഷ്കരം.
അതോടെയാണ് ലോക്കുകളെ ആശ്രയിച്ചുള്ള കനാല്‍ നിര്‍മാണം എന്ന ആശയത്തിന്
പ്രാമുഖ്യമേറിയത്. കേണല്‍ ജോര്‍ജ് ഡബ്ല്യു. ഗ്വെഥല്സ് (Col. George W.
Goethals) 1907-ല്‍ ചീഫ് എന്‍ജിനീയറായി നിയമിക്കപ്പെട്ടു. 1907-നും
13-നുമിടയില്‍ കനാല്‍ പാതയിലെ ഏറ്റവും ദുഷ്കരമായ ഭാഗം എന്നു
വിശേഷിപ്പിക്കപ്പെടുന്ന ഗെയ്ലാര്‍ഡ് [(കുലേബ്ര) Gaillard (Culebra)]
പ്രദേശത്ത് ഏതാണ്ട് 73 ദശലക്ഷം ക്യുബിക് മീറ്റര്‍ ശിലാഭാഗങ്ങളാണ് നീക്കം
ചെയ്യപ്പെട്ടത്. മുമ്പ് ഫ്രഞ്ചുകാര്‍ നേരിട്ട മറ്റൊരു പ്രശ്നമായ ഉഷ്ണമേഖലാ
രോഗങ്ങളെയും ഫലപ്രദമായി നേരിടാന്‍ യു.എസ്സിനു കഴിഞ്ഞിരുന്നു. ചീഫ്
സാനിറ്ററി ഓഫീസറായിരുന്ന കേണല്‍ വില്യം സി. ഗോര്ഗസി (Col. William. C.
Gorgas)ന്റെ നേതൃത്വത്തില്‍ ഈ പ്രശ്നവും പരിഹൃതമായതോടെ കനാല്‍ നിര്‍മാണം
പുരോഗമിക്കുകയും പത്തുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു.
അന്നുവരെ ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ബൃഹത്തായ
നിര്‍മാണപ്രവര്‍ത്തനമായിരുന്നു ഇത്.
1914 ആഗ. 15-നാണ്
ലോകരാജ്യങ്ങള്‍ക്കായി കനാല്‍ തുറന്നു കൊടുത്തത്. നാലു വ്യക്തികള്‍ പനാമ
കനാലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് എക്കാലവും സ്മരിക്കപ്പെടുന്നു;
യു.എസ്. പ്രസിഡന്റായിരുന്ന തിയഡോര്‍ റൂസ്വെല്‍റ്റ്, മഞ്ഞപ്പനി, മലേറിയ
എന്നീ മാരകരോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിന് നേതൃത്വം നല്കിയ വില്യം
സി. ഗോര്‍ഗസ്, 1905 മുതല്‍ 1907 വരെ കനാല്‍ ചീഫ് എന്‍ജിനീയറായിരുന്ന ജോണ്‍
എഫ്. സ്റ്റിവന്‍സ് (John F. Stevens), ഇദ്ദേഹത്തെ തുടര്‍ന്ന് ചീഫ്
എന്‍ജിനീയറായ ജോര്‍ജ് ഡബ്ല്യു. ഗ്വെഥല്സ്. ലോക്കുകളുടെ നിര്‍മാണം നടത്തി
കനാലിന്റെ നിര്‍മാണം ഫലപ്രാപ്തിയിലെത്തിച്ചത് ഗ്വെഥല്സ് ആയിരുന്നു.
പനാമ
കനാല്‍ ഗതാഗതത്തിന് തുറന്നതിനുശേഷം വര്‍ഷങ്ങളോളം പനാമ കനാലിനും കനാല്‍
മേഖലയ്ക്കും മേല്‍ യു.എസ്സിനായിരുന്നു നിയന്ത്രണാധികാരം. എന്നാല്‍
1946-ലും അതിനുശേഷവും യു.എസ്സിനും പനാമ റിപ്പബ്ലിക്കിനും ഇടയില്‍ കനാല്‍
ഉടമസ്ഥതയെ ചൊല്ലി പ്രശ്നങ്ങള്‍ ഉടലെടുത്തു. തര്‍ക്കം രൂക്ഷമായതോടെ 1964-ല്‍
പനാമക്കാര്‍ കനാല്‍ മേഖലയില്‍ 'അതിക്രമിച്ചു' കയറി യു.എസ്.
സേനാംഗങ്ങളുമായി ഏറ്റുമുട്ടി. ലക്ഷക്കണക്കിനു ഡോളറിന്റെ വസ്തുവകകള്‍
നശിപ്പിക്കപ്പെടുകയും നിരവധി പേര്‍ക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്ത ഈ
സംഭവത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനിന്ന
നയതന്ത്രബന്ധങ്ങള്‍ വഷളാകുകയും ചെയ്തു. എന്നാല്‍ പ്രശ്നം പരിഹൃതമാകുവാന്‍
പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. 1978-ല്‍ യു.എസ്. സെനറ്റ് കനാല്‍
മേഖലയിന്‍ മേലുള്ള അധികാരം സംബന്ധിച്ച രണ്ടു ഉടമ്പടികള്‍ക്കു രൂപം നല്കി.
1979 ഒ. 1-നാണ് ഉടമ്പടികള്‍ നിലവില്‍വന്നത്. എന്നാല്‍ ഈ ഉടമ്പടികളും
പനാമയ്ക്കു കനാലിനുമേല് സമ്പൂര്‍ണാധികാരം നല്‍കിയിരുന്നില്ല. 1999-ലാണ്
പനാമ കനാല്‍ പനാമ റിപ്പബ്ലിക്കിന്റെ അധീനതയിലായത്.
ചോദ്യങ്ങൾ
പനാമ കനാലിലൂടെ ജലഗതാഗതം സാധ്യമാകുന്നത് എങ്ങനെ?
പനാമ കനാല്‍ ഗതാഗതത്തിനായി തുറന്നത് എന്നായിരുന്നു?
പനാമ കരയിടുക്കിനു കുറുകെ സഞ്ചരിച്ച് ഈ കരയിടുക്കിനു വീതി കുറവാണെന്നു കണ്ടെത്തിയ പര്യവേക്ഷകന്?
പനാമ കനാലിന്റെ നിര്‍മാണം ആരംഭിച്ചത് എന്നായിരുന്നു?
പനാമ കനാലിന്റെ നിര്‍മാണത്തിനു മുമ്പ് പസിഫിക്-അത്ലാന്തിക് സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് നാവിക യാത്രകള്‍ നടന്നിരുന്നത് ഏത് കടലിടുക്കിലൂടെ ആയിരുന്നു?