Loading...

കുമാരനാശാന്‍, ഉള്ളൂര്‍ എന്നിവര്‍ക്കൊപ്പം മലയാള കവിതയിലെ യുഗസ്യഷ്ടാക്കളില്‍ ഒരാളായിരുന്നു വള്ളത്തോള്‍ നാരായണമേനോന്‍. സൗന്ദര്യത്തികവാര്‍ന്ന സാഹിത്യമഞ്ജരിക്കവിതകളിലൂടെയും ഖണ്ഡകാവ്യങ്ങളിലൂടെയും മലയാളികളുടെ മനസ്സിലിടംപിടിച്ച ഈ കവി നിയോക്ലാസിക് കാവ്യഭാവുകത്വത്തില്‍ ഊന്നിനില്‍ക്കുമ്പോഴും കാല്പനികതയുടെ പുതുവഴികളിലേയ്ക്ക് വെളിച്ചം വീശുകയായിരുന്നു. ഭാരതത്തിന്റെ ഈടുവയ്പ്പുകളില്‍ അഭിരമിക്കുമ്പോഴും കാലത്തെ തിരുത്തിക്കുറിച്ച നവദര്‍ശനങ്ങളെയും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായി. കാവ്യരംഗത്തു മാത്രമല്ല വിവര്‍ത്തനരംഗത്തും അപൂര്‍വതകള്‍ക്ക് ഉടമയാണിദ്ദേഹം. വാല്മീകി രാമായണത്തിന്റെയും ഋഗ്വേദത്തിന്റെയും മലയാള പരിഭാഷകള്‍ ഉദാഹരണം. കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയെ ആഗോള പ്രസക്തമാക്കുന്നതിനുവേണ്ടി കഠിനയത്‌നം ചെയ്ത സമര്‍പ്പിത സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. അതിന്റെ സുവര്‍ണമുദ്രകളിലൊന്നാണ് നിളാതീരത്തെ കേരള കലാമണ്ഡലം. വള്ളത്തോളിന്റെ ബഹുമുഖ വ്യക്തിത്വത്തെ സാമാന്യമായി നിരീക്ഷിക്കുന്നതാണ് അധ്യാപകനും ഗന്ഥകാരനുമായ ഡോ.എം. സുരേഷ് മാധവ് തയ്യാറാക്കിയ ഈ ലേഖനം. ഇത് സര്‍വവിജ്ഞാനകോശം 15-ാം വാല്യത്തില്‍ ഉള്‍പ്പെട്ടതാണ്.